Thursday, 9 January 2014

സായിപ്പിനെ ഇന്ത്യനാക്കി

ഞാന്‍ ശങ്കരന്‍ ഇവിടെയൊരു കള്ളുഷാപ്പില്‍ വിളമ്പുന്നജോലിചെയ്യുന്നു. 
ഇംഗ്ലീഷ് എനിക്കു നന്നായിഅറിയാമെന്നു ഇവിടെയുള്ള മറ്റു വിളമ്പുകാരും മൊതലാളിയും വിശ്വസിക്കുന്നു. അതിനാല്‍ മലയാളം പറയാത്ത നല്ല മലയാളീസും പിന്നെ നമ്മുടെ സായിപ്പുമാരും വന്നാല്‍ ഓഡറെടുക്കാനും വിളമ്പാനും എന്നെ തന്നെ പറഞ്ഞയക്കും. തരക്കേടില്ലാത്ത ടിപ്പുകിട്ടണതുകോണ്ട് സംഗതി എനിക്കും പെരുത്തിഷ്ടം .

ഡാന്‍ സായിപ്പ് നെടുമ്പാശ്ശേരിയില്‍ വന്നെറങ്ങി ആദ്യമന്വേഷച്ചതു കള്ളുഷാപ്പാണെന്ന് ഡ്രൈവര്‍ രാഘവന്‍ ചേട്ടന്‍ പറഞ്ഞപ്പോള്‍ ഞാനങ്ങു കോരിത്തരിച്ചുപോയി...
പണ്ടെങ്ങോകേരളത്തില്‍ വന്നപ്പോള്‍കുടിച്ച കള്ളിന്റെ ഓര്‍മ്മയില്‍  സായിപ്പു കള്ളുകുടിക്കാന്‍ എത്തിയതാണെന്നറിഞ്ഞപ്പോള്‍ ചെറുതായൊന്നു ഞെട്ടി...
പണ്ടു കള്ളുകുടിച്ചിട്ടുള്ളയാളാണെന്നു പറഞ്ഞപ്പോള്‍ മൊതലാളിക്കും ഒരങ്കലാപ്പ്...
...കള്ളൊരു തുള്ളിയില്ലാത്ത കള്ളല്ലെ എങ്ങും ...സാരമില്ല പണിയുണ്ട്...സ്വതവെ എരിവുള്ള ഞണ്ടുകറി രണ്ടു സ്പൂണ്‍ കുരുമുളകുപൊടിവിതറി ചൂടാക്കി കപ്പയോടൊപ്പം കൊടുത്തു..........
കറി നാവില്‍ തൊട്ടതും സായിപ്പു ചീറ്റിപ്പിഴിയാന്‍ തുടങ്ങി പിന്നാലെ നമ്മുടെ "സ്വന്തം" കള്ളുകുപ്പി വച്ചു...അതൊന്നുകുടിച്ച സായിപ്പിന്റോരാശ്വാസം .........കള്ളുഗ്രന്‍ കറിഅത്യുഗ്രന്‍ സായിപ്പിന്റെ സര്‍ട്ടിഫിക്കറ്റ് .......................മൊതലാളിക്കു നിര്‍വ്രുതി...

പുറത്തിറങ്ങിയ സായിപ്പിനു ഞാന്‍ കൂടെ ചെല്ലണമത്രെ ചുറ്റിക്കണാന്‍...
നിര്‍ബന്ധം കൂടിയപ്പോള്‍ മുതലാളി പറഞ്ഞു...നീ ചെല്ലടാ രണ്ടുദിവസത്തേക്കല്ലെ വല്ലകോളും തടഞ്ഞാലോ ...ഡോളാറാ...ഡോളറ്...

ഇതുകേട്ട് ടാക്സിയില്‍ കയറാന്‍ തുടങ്ങുമ്പോള്‍ ദാ സായിപ്പ് ബാഗുമായി പുറത്തിറങ്ങി ടാക്സി വേണ്ടെന്ന് ബസ്സ് മതീന്നു ...ആദ്യം പോകേണ്ടത് ഫോര്‍ട്ട്കൊച്ചിക്കാണത്രെ ...
ബസ്സിലും ബോട്ടിലുമായിപ്പോകാം ഒരു ചേഞ്ചായിക്കോട്ടെ...ഓട്ടോയില്‍ വൈറ്റില ബസ്സ് ഹബ്ബിലെത്തി...വ്രുത്തിയും വെടിപ്പുമുള്ളഹബ്ബ് കണ്ടപ്പോ അവനു സന്തോഷം എനിക്കഭിമാനം ... ബസ്സ് വന്നു ...നല്ലതിരക്ക് ...ഞങ്ങള്‍ ഒരുവിധത്തില്‍ കയറിപ്പറ്റി ...

...തിങ്ങിനിറഞ്ഞറോട്ടിലൂടെ ഒന്നരമണിക്കൂര്‍ കൊണ്ട് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ച് ഞങ്ങള്‍ ബോട്ട് ജട്ടി സ്റ്റോപ്പിലിറങ്ങി...
ദൂരെനിന്നു നോക്കുമ്പോള്‍ അഭിമാനം തോന്നിക്കുന്ന കെട്ടിടം കുറച്ചുനാളുകള്‍ക്കുമുമ്പ് മന്ത്രി ഉല്‍ഘാടനം ചെയ്തതാ...ചുറ്റിലും ചപ്പുചവറുകള്‍ കുറ്റിചെടികള്‍നിറഞ്ഞ നടവഴി, പുറത്തെ പൊട്ടിയൊഴുകുന്ന മൂത്രപ്പുരയില്‍നിന്നും വല്ലാത്തനാറ്റവും ...

ഞങ്ങള്‍ പുതിയ ബോട്ട് ജട്ടിയുടെ ഉള്ളിലെത്തി ...ഉപേക്ഷിക്കപ്പെട്ട ശവക്കോട്ടപോലെ തോന്നുന്ന അകത്തളങ്ങള്‍ ...ആവശ്യത്തിനു വെളിച്ചമില്ല ...ചപ്പുചവറുകള്‍ പാറിക്കളിക്കുന്നു....തൂപ്പുകാരിചേച്ചിമാര്‍ ക്രുത്യസമയത്തു വരാഞ്ഞതിനു ചായവണ്ടിക്കാരനെ വഴക്കുപറയുന്നു...ബോട്ടുവരാന്‍ പത്തുമിനുട്ട് സമയമുണ്ട് ...

സായിപ്പൊന്നു കെട്ടിടമാകെ ചുറ്റാന്‍ നടന്നു...പലമൂലകളിലും മതിലെല്ലം രക്താഭിഷേകം നടത്തിയപോലിരിക്കുന്നു...എന്താണിത്? സായിപ്പിനു സംശയം ...........ഒഹ്...അവനറിയില്ലെങ്കില്‍ അറിയെണ്ടാ ...മറ്റെന്തെങ്കിലും പറയാം ...അത്രയും അഭിമാനക്ഷതം ഒഴിവാക്കാമല്ലൊ......................ദാ അപ്പോഴേയ്ക്കും മൊബൈല്‍ഫോണില്‍ ഹിന്ദിയില്‍ സംസാരിച്ചുവന്നൊരു യുവാവ് ഒരുപ്രത്യേക സ്റ്റൈലില്‍ തുപ്പി പുതിയകുറെ ചിത്രങ്ങള്‍ വരച്ചു കടന്നുപോയി............ഇനിയെന്തുപറയാന്‍ .....................സായിപ്പിനെല്ലാം മനസ്സിലായി...അവന്റെ മുഖത്തോരു നിഗൂഡസ്മിതം......

ബോട്ടുവന്നു ...ബോട്ടിന്റെ കാതടിപ്പിക്കുന്ന ശബ്ദം സഹിച്ചു ഞങ്ങള്‍ ഫോര്‍ട്ട് കൊച്ചിയിലെത്തി ... ബുക്ക്ചെയ്തിരിക്കുന്ന ഹോംസ്റ്റേയുടെ അഡ്രസ്സ് നോക്കി...രണ്ടു ചെറ്റക്കുടിലുകള്‍ക്കിടയില്‍ കോഴിക്കൂടുപോലൊരു ടവര്‍ ...
"ദ വൈറ്റ് ഹൌസ്" ....സായിപ്പിനു ബോധിച്ചു...കാശുകുറവായിരിക്കും കഞ്ഞിത്താന്‍...മനസ്സില്‍ പറഞ്ഞു...ബാഗെല്ലാം മുറിയില്‍ വച്ചുപൂട്ട്  തിരിച്ചുവന്നു ...അവനുപുതിയൊരു മൊബൈല്‍ഫോണ്‍വാങ്ങണമെന്ന്...ഇതുനേരത്തെ പറഞ്ഞിരുന്നെങ്കില്‍ വരുന്നവഴിനല്ല കടകളുണ്ടായിരുന്നതാ...ഏതായാലും അങ്ങോട്ടുതന്നെ പോകാം...............................................ബസ്സ് ഷോപ്പിങ്ങ് മാളിനു മുന്നില്‍ നിറുത്തി...

.................സായിപ്പ് റോഡുവക്കില്‍ പാന്‍വില്‍ക്കുന്നവറ്റടുത്തുന്ന് ഏതോ പാന്‍വാങ്ങിവായിലിടുന്നതുകണ്ടെനിക്കല്‍ഭുതമായി..................ങ്ങള്‍ അകത്തേക്കുകയറി ......നന്നായിപ്പണിത നല്ല മാള്‍...എങ്ങും ഫോണ്‍വില്‍ക്കുന്നകടകള്‍ ...... ഡാന്‍ സായിപ്പു ചുറ്റും എന്തോ തിരയുന്നു ......അതാ തിരക്കില്ലാത്തൊരുമൂലയിലെത്തി നേരത്തേവാങ്ങിവായിലിട്ട പാന്‍ നല്ലഭംഗിയായിട്ടോരു തുപ്പ്...ഇതുവരെ ആരുംതുപ്പിയിട്ടില്ലാത്ത്  മതിലില്‍ സയിപ്പു വരച്ച പുതുചിത്രം കണ്ട് ഞാന്‍ ഞെട്ടി...കാത്തുനിന്നെന്നവണ്ണം രണ്ടു ഹിന്ദിചെക്കന്‍മാര്‍ പിന്നാലെ വന്നു ഓരോതുപ്പുവീതം അവിടെക്കൊടുത്തിട്ടു കടന്നുപോയി...ഹാവൂ സമാധാനമായി്‌ ...

സായിപ്പ് ഇന്ത്യനായിക്കഴിഞ്ഞസ്തിതിക്ക് ഇനി കൂടെ നില്‍ക്കുന്നതപകടമാണു ...
....മൊതലാളീ എനിക്കു ഡോളര്‍ വേണ്ടായേ...ഞാനിതാവരുന്നു ...ബൈ ബൈ സായിപ്പെ...


2 comments: